Friday 3 April 2015

പ്രതിമകൾ

                                           പ്രതിമകൾ  

                                     മൂന്നാമതും കവലയിലെ പ്രതിമ വികൃതമാക്കപ്പെട്ടപ്പോൾ  നാഗരികത  അത്രയങ്ങ് തീണ്ടാത്ത ഞങ്ങളുടെ ഗ്രാമം ശരിക്കും  ഞെട്ടി . മുലയൂട്ടുന്ന ഒരമ്മയുടെ പ്രതിമയായിരുന്നു അത്. ഓരോ തവണ പുന: നിർമ്മിക്കപ്പെടുമ്പോഴും അതിൽ  മാതൃ ഭാവം കൂടുതൽ ദീപ്തമാകുന്നതായി ഞങ്ങൾക്കനുഭവപ്പെടാറുള്ളതാണ്. എന്നിട്ടും ഏതു   മനുഷ്യ മൃഗത്തിനാണ്  ഇത്രമേൽ വെറി അതിനോട് കാണിക്കനാവുക എന്ന് ഞങ്ങൾ പരസ്പരം പലയിടങ്ങളിലായിരുന്നു ചോദിച്ചുകൊണ്ടേ ഇരുന്നു. കവലയിൽ  ബസ്‌ സ്റ്റോപ്പ്‌ വരെ നീളുന്ന തണലായും, പക്ഷികൾക്ക് കാഷ്ടിക്കാനും ചുണ്ടുരക്കാനും മാത്രമുള്ള  ശിലയായും  മാതൃശില്പം മറവിയിലേക്ക് പ്രതിഷ്ഠിക്കപ്പെടുമ്പോൾ,ഗ്രാമ ചിന്തകൾ താളം തെറ്റുമ്പോൾ , ഏതോ ഭ്രാന്തന്റെ ഓർമ്മപ്പെടുത്തലായി ഈ  വൈകൃതങ്ങളെ  കാണുന്ന മാന്യ ബുദ്ധി ജീവികളും  ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
                  നാലാം തവണ പോലീസിനു  പുറമെ രാത്രി കാവലും,നിരീക്ഷണവും ഞങ്ങൾ ക്ലബ്‌ അംഗങ്ങൾ കൂടി ഏറ്റെടെത്തു . ആഴ്ചകളോളം  ഒന്നും  സംഭവിച്ചില്ല .പിന്നെയെല്ലാം പഴയതു പോലെ ; പോലീസിനും,നാട്ടുകാർക്കും മടുത്തു .പക്ഷെ ഞങ്ങൾ തോൽക്കാൻ തയ്യാറായില്ല . ആളുകൾ  പിൻ വലിഞ്ഞാലെ കക്ഷി വെളിയിൽ  വരൂ . സഹകരണ ബാങ്കിന്റെ സെക്യൂരിറ്റിയോട്  എല്ലാ രാത്രിയിലും   കവലയിൽ രഹസ്യമായി  രണ്ടോ മൂന്നോ  കറക്കം നടത്താൻ ഞങ്ങൾ ചെറിയ  തുകയ്ക്ക്‌ ചട്ടം കെട്ടി  .  ദിവസങ്ങൾക്കുളിൽ സംഗതി ഫലം കണ്ടു.തലയിൽ  തോർത്ത് കെട്ടിയ  ഒരാൾ ചുറ്റികകൊണ്ട്   ശിൽപ്പത്തെ വിരൂപമാക്കുന്നതായി  സെക്യൂരിറ്റി ഞങ്ങളെ വിളിച്ചറിയിച്ചു. ഞങ്ങൾ വരുന്നത് വരെ അയാളെ നിരീക്ഷിക്കാൻ  സെക്യൂരിറ്റി യോട് ആവശ്യപ്പെട്ടു .മിനിട്ടുകൾക്കുള്ളിൽ ഞങ്ങൾ കുറുവടിയും പത്തലുമായി അയാളെ വളഞ്ഞു. ഞങ്ങളെ കണ്ടതും യാതൊരു പകപ്പുമില്ലാതെ അയാൾ  തന്റെ തലക്കെട്ടഴിച്ചു   പതുക്കെ വെളിച്ചത്തേക്കു നീങ്ങി നിന്നു . ഞങ്ങളൊന്നിച്ചുൾക്കിടിലത്തോടെ പറഞ്ഞു "ബാലൻ ചേട്ടൻ!"  കഴിഞ്ഞ മൂന്നു വട്ടവും സുമനസ്സുകൾ  പിരിച്ചു നൽകിയ തുച്ഛമായ പ്രതിഫലം  എളിമയോടെ വാങ്ങി, 'അമ്മ' എന്നു  പേരിട്ട ഈ ശിൽപം പറഞ്ഞ സമയത്ത്  തന്നെ ഒരുക്കി തന്ന  ഗ്രാമത്തിന്റെ സ്വന്തം  ശില്പി.  

" രണ്ടു പെണ്‍ മക്കളുടെ  തന്തയല്ലെടോ താൻ ? എന്നിട്ടാണോ ഈ പാതിരാ പുലയാട്ട് !" ഞങ്ങളിലോരുവൻ ആക്രോശിച്ചു കൊണ്ട് അയാളുടെ മുഷിഞ്ഞ ഷർട്ടിൽ കുത്തി പിടിച്ചു.
"വിട്ടേക്കടാ ഇയാളെ പോലീസിൽ ഏൽപ്പിക്കാം" ഞാനവനെ പിടിച്ചു മാറ്റി.
"എന്നാലും ബാലാ ഇത്  നിന്റെ  തന്നെ  സൃഷ്ടിയല്ലേ ? ഇതിനോട് തന്നെ വേണായിരുന്നോ ..?" ശ്രീധരൻ മാഷ്  തന്റെ തലയിൽ  കൈ വച്ച് ഇരുന്നു പോയി . 
                മകരത്തിലെ തണുപ്പിലും ഞങ്ങൾ  വിയർക്കുന്നുണ്ടായിരുന്നു . അയാൾ  മാത്രം  ജഡത്തെ പ്പോലെ തണുത്തിരിക്കുന്നതായി  എനിക്ക് തോന്നി .
" എന്നെ എന്ത് വേണമെങ്കിലും ചെയ്തോളു...പക്ഷെ  എന്റെ മൂത്ത  മകളുടെ പരീക്ഷ ഫീസ്‌ അടുത്ത മാസം നിങ്ങളിലാരെങ്കിലും അടച്ചോളാമെന്നെനിക്ക്  ഉറപ്പു തരണമെന്നു  മാത്രം". ഒട്ടിയ കവിളുകൾക്കടിയിൽ കീഴ്ത്താടി വിറപ്പിച്ചു കൊണ്ട് അയാൾ തുടർന്നു: " ഞാനിതുകൊണ്ട് മാത്രം ജീവിക്കുന്നവനാ..ഇപ്പോ ആർക്കാ ഇതിന്റെയൊക്കെ  ആവശ്യം ..വല്ലപ്പോഴും കിട്ടുന്നതോ അന്നന്നത്തേക്കുള്ളതും.... ഓരോ തവണ പൊളിക്കുമ്പോഴും   ഇതിന്റെ ആത്മാവിനെ ഞാൻ എന്നോടൊപ്പം കൊണ്ടു  പോകും.പിന്നീട് ഒരോ  സൃഷ്ടിയിലും  എനിക്ക് മാത്രം അറിയാനാവുന്ന  എന്തെങ്കിലും അപൂർണ്ണത  അടുത്ത തവണത്തേക്കായി  ഞാനിതിൽ ബാക്കി വയ്ക്കും. അതുകൊണ്ട് എനിക്ക് യാതൊരു  കുറ്റബോധവുമില്ല  മാഷെ..ഇപ്പോൾ നിങ്ങൾ എല്ലാം അറിഞ്ഞ സ്ഥിതിയ്ക്ക് ഈ വരുമാനവും നിന്നു ..ഇനി ഉറക്കമുളച്ചിട്ടും  പ്രയോജനമില്ല ..ഞാൻ പോകുന്നു. " ഉറഞ്ഞു പോയ നാവും മെയ്യുമായി നിന്ന ഞങ്ങൾക്കു മുന്നിൽനിന്ന് വികൃത ശിൽപത്തെ വെറുതെ ഒന്നു നോക്കിയിട്ട് കൊടും നിശ്ശബ്ദതയിലേക്കയാൾ  നടന്നു നീങ്ങി .
                      ഇനിയും എത്ര നേരം പൂർത്തീകരിക്കപ്പെടാത്ത പ്രതിമകൾ മാത്രമായി ഞങ്ങളീയിരുട്ടിൽ  തന്നെ തുടരുമെന്നറിയില്ല. പക്ഷെ ആ ശില്പിയുടെ വാക്കുകൾ ആത്മാക്കളെ  അടർത്തുന്നത്   വ്യക്തമായി ഞങ്ങൾക്കിപ്പോഴറിയാനാകുന്നുണ്ട്.

















              

Saturday 3 January 2015

പുതുവർഷത്തിൽ ഒരു പുന:പരിവർത്തനം

      മനുഷ്യ ജന്മത്തിനായി  വിത്തിട്ടവർ തന്നെ ആ മരവും നട്ടു.എനിക്കൊപ്പം വളർന്ന  ആ മരത്തോട് ആദ്യം  തോന്നിയ  വിശ്വാസം  പിന്നീട് അധികാരമായി .  ഇപ്പോൾ അതിന്റെ ചില്ലയിൽ തൂങ്ങി  ചുവട്ടിൽവരുന്നവരെ  തരം താഴ്ത്തി ഞാൻ പല്ലിളിക്കാൻ തുടങ്ങിയിരിക്കുന്നു.അതിന്റെ  പിന്നിലെ ഇരുട്ടിലൊളിച്ച്   ഇരകൾക്കു മേൽ  ചാടി വീഴാൻ പഠിച്ചിരിക്കുന്നു, ഇണകൾക്കായി കൂവാൻ തുടങ്ങിയിരിക്കുന്നു .ഞാനൊറ്റയ്ക്കല്ല എന്നെപ്പോലെ കോടികൾ , സ്വയം മരം മാറിയവരും  മാറ്റി പാർപ്പിക്കപ്പെട്ടവരുമുണ്ട് അതിൽ. ഞാൻ എന്റെ ശരീരം  പരിശോധിച്ചു . വിരലുകളിൽ നീണ്ട നഖങ്ങൾ ,ചുണ്ടിറങ്ങി ദംഷ്ട്രങ്ങൾ ,പിന്നിൽ പൊട്ടി മുളച്ച വാൽ  ,കാലിൽ മരത്തോടു ബന്ധിച്ച് ഒരു ചങ്ങല !!!

ഈ പുതുവർഷത്തിലെങ്കിലും ഒരു പുന:പരിവർത്തനം ഞാനാഗ്രഹിക്കുന്നു . മനുഷ്യ സംഘടനകൾ മാത്രം ബന്ധപ്പെടുക .