Monday 28 July 2014

                                                 സ്വപ്നാടനം 

                  എനിക്കറിയാം  ഈ ജനറൽ കൂപ്പയിലെ  ഒരു മൂലയിൽ  ചുരുണ്ടിരുന്ന് നിശ്ശബ്ദം കണ്ണീർ  ഊർത്തുന്ന ഞാൻ നിങ്ങൾക്ക് ഒരു നല്ല കാഴ്ച വസ്തുവാണെന്ന്; പുറത്തെ കനത്ത മഴയ്ക്കെതിരായി ജാലകത്തിന്റെ  ഷട്ടർ അടച്ച്,നോട്ടങ്ങളെ മടുപ്പൻ നിശ്വാസങ്ങൾക്കൊപ്പം തളം കെട്ടി നിർത്തിയ  ഈ അവസ്ഥയിൽ പ്രത്യേകിച്ചും .

                    അല്പം മുമ്പ്, അതോ കുറച്ചു മണിക്കൂറുകൾ  മുമ്പോ ...ട്രെയിൻ  ആലപ്പുഴ കഴിഞ്ഞ് ഏതോ ക്രോസ്സിങ്ങിൽ  . മഴ നാര് മുഖത്തിഴച്ച് ഇക്കിളിപ്പെ ടുത്തുന്നതും ആസ്വദിച്ച്  വാതിൽപ്പടിയിൽ  സ്വപ്നത്തിലെന്ന പോലെ നിൽക്കുകയായിരുന്നു  ഞാൻ . 
ആ  നിൽപ്പിൽ എന്നെ കൂടുതൽ ഉന്മത്തനാക്കിയത് അപ്പോൾ കണ്ട ഒരു  ദൃശ്യമാണ്. വയലിന് മുന്നിലേക്ക് കയറി  പാളത്തിനു തൊട്ടു താഴെ  പാതിയുംവെള്ളത്തിൽ  ആഴ്ന്ന്, കറുത്ത കൂണ് പോലെ   മുളച്ചു നില്ക്കുന്ന ഓടിട്ട ഒരു കൊച്ചു വീട്.   പൂപ്പൽ പടർന്നു  തുടങ്ങിയ അതിന്റെ  പുറംഭിത്തിയിൽചാരി വച്ചിരുന്ന  സൈക്കിളിന്റെ  ഒരു കണ്ണാടിച്ചില്ല മാത്രം ഉയർന്നു കാണാമായിരുന്നു.നരച്ച സൂര്യന്റെ 
പശ്ചാത്തലത്തിൽ  ഒരു ചുവർച്ചിത്രം പോലെ സുന്ദരമായിരുന്ന  ആ കാഴ്ച്ച പകർത്താൻ  എന്നെ ഒരു ചിത്രകാരനാക്കാതിരുന്ന  ഉടയവനോടുള്ള  ദേഷ്യം തികട്ടി വന്നെങ്കിലും കയ്യിലെ  മൊബൈൽ ക്യാമറയിൽ  കൊരുത്തിടാമെന്ന  ആവേശത്തിൽ ദേഷ്യംചവച്ചിറക്കി.
                                     വണ്ടി നീങ്ങി തുടങ്ങും മുമ്പേ ഒരു നല്ല വശം തിരഞ്ഞെടുത്ത്ക്യാമറ കേന്ദ്രീകരിച്ച്   ഒരു  ഞെക്ക്..നാളെ ഏതെങ്കിലും  പൊതു ഇടത്തിൽ  പിടയ്ക്കുന്ന  ഇത്തിരി  'ലൈക്ക് ' കളും , 'കമന്റ് ' കളുമായി ...
 വാതിൽക്കൽ നിന്ന് കൊണ്ട് , വലതു കയ്യിൽ മൊബൈൽ  ചിത്രമെടുപ്പിനു പാകം വരുത്തി. അനക്കം തട്ടാതിരിക്കാൻ ഇടത്തേ കയ്യും  സാഹസികമായി ഉദ്യമത്തിൽ പങ്കു ചേർന്നു .
          ആരാണ് എന്റെ  ഷർട്ടിൽ പിടിച്ച്  തൂങ്ങിയത് ..മൊബൈൽ കള്ളിയിൽ ചിത്രം  വികൃതമാക്കിയത് ..ഹൊ !ഒരല്പം കൂടി ചരിഞ്ഞെങ്കിൽ,വശത്തെ
കമ്പിയിൽ  പിടിത്തം കിട്ടിയില്ലായിരുന്നെങ്കിൽ
തീർച്ചയായും ഞാൻ പാളത്തെ  ചുംബിച്ചേനെ.

     വയസ്സ് ഊഹിച്ചെടുക്കാൻ പറ്റാത്ത   ഒരുടൽ.  അവന്റെ ഉണങ്ങിയ മുടിയിൽ  താരൻ അകാല നര പോലെ പൂത്തു നില്ക്കുന്നു. എന്റെഅരയ്ക്ക് കീഴെ  ഒരു കൈ ഷർട്ടിലും  മറു കൈ ചായമിളകിയ വാതിൽഅഴിയിലും പിടിച്ച്, കരുവാളിച്ച മുഖം 
വെളിയിലേക്കിട്ട്, തുറികണ്ണുമായി  ആ വീട്ടിലേക്ക്  എത്തിവലിയുന്ന അവനെ വലിച്ച്അകത്തേക്കാക്കി. ദേഷ്യവും സങ്കടവും നാവിൽ കുഴച്ച് എന്തൊക്കയോ ചീത്ത പറയാൻ ഭാവിച്ചതും എഞ്ചിൻ കാഹളം മുഴക്കി.വണ്ടി പുറപ്പെട്ടു തുടങ്ങി .പ്രകൃതിയുടെ  ചുംബനം എന്നിൽ നിന്നകലുന്നു.ചുറ്റും നിൽക്കുന്നവരെന്ത് കരുതുമെന്നൊന്നും ഞാൻ നോക്കില്ല 

.."ഒരോപിശാശുക്കള് ചാവാനെറങ്ങിക്കോളും..നിന്റെ യൊന്നുംവീട്ടിൽ ..."

  " മനൂ .. .. "   ഒരു പതിഞ്ഞ വിളിയിൽ  എന്റെ അലർച്ച അലിഞ്ഞു പോയി ..

പ്രായം ചാല്  വെട്ടിയ മുഖവുമായി ഒരു വൃദ്ധൻ. അയാളുടെ ഇടതു കയ്യില്‍ തൂങ്ങിയ പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും ഒടിഞ്ഞ ഒരു കുടക്കമ്പി പുറത്തേക്കു തള്ളി നില്‍പ്പുണ്ടായിരുന്നു.

" മോന് ഒന്നും തോന്നരുത്  അവനോട് പറഞ്ഞാ കേക്കത്തില്ല .. മോൾടെ മോനാആ കണ്ട വീട്ടിലയിരുന്നു എല്ലാരും  താമസം ...  ഇപ്പോ 
ഒരുമാസായിട്ട്  ദുരിതാശ്വാസക്യാമ്പിലാ ...അതാ  വീട് കണ്ടപ്പോൾ ഇവന് ഇരിക്ക പൊറുതി കിട്ടാത്തെ .."

അയാളുടെ പരുക്കൻ കയ്യാല്‍  പേരക്കുട്ടിയെ  തന്റെ മുഷിഞ്ഞ മുണ്ടോടു ചേർത്ത് നിർത്തി . ചുളിവു 
തൂങ്ങിയ വിരലുകൾക്കിടയിലൂടെ അവന്റെ കലങ്ങിയ കണ്ണുകൾ എനിക്ക് കാണാമായിരുന്നു.

"ഇവന്റെ അമ്മയ്ക്ക് കൂടിയ പനി വന്നട്ട്
എറണാകുളത്തേക്ക്  കൊണ്ടോയി...ഇവിടത്തെ സർക്കാരാശുപത്രീല് സൗകര്യോല്ലാന്ന്  ...
ഇവന്റെ അച്ഛനിപ്പോ പണിയൊന്നും ഇല്ലാത്തോണ്ട്  
അവനും അവടെത്തന്നെയാ..ഇവനാണെങ്കിൽ  രണ്ട്  ദിവസ്സായിട്ട് രാത്രീല് ഞെട്ടിയെണീറ്റ്  'അമ്മേ  കാണണം'ന്നും പറഞ്ഞ്  കരച്ചിലും..അതാ വയ്യെങ്കിലും ഞാൻ കൊണ്ടോവാന്നു വച്ചത്.." ക്രമമായ ഇടവേളകളിൽ നെടുവീർപ്പുകൾ ഉതിർത്ത് ചെറു 
കിതപ്പോടെ അയാൾ  പറഞ്ഞു തീർത്തു.

"മോനെങ്ങോട്ടാ ?.." മൊബൈൽ  പോക്കറ്റിൽ തിരുകുമ്പോൾ വൃദ്ധൻ ചോദിച്ചു

.."ഞാൻ തൃശ്ശൂർക്കാ .."..നിങ്ങൾ ഇങ്ങോട്ട് കേറി നിന്നോ സ്റ്റോപ്പ്‌ എത്താറായിട്ടിണ്ട്  "  കൂടുതൽ സംസാരിക്കാനുള്ള താൽപ്പര്യമില്ലയ്മ
ഉയർത്തിനിർത്തിയ പുരികക്കൊടികളിൽ മാത്രം ഞാൻ ഒതുക്കി. അവരെ വാതിൽക്കൽ വിട്ട്  ഉലയുന്ന ശരീരവും,മനസ്സുമായി ബാഗ്‌ അടയാളമാക്കിയ എന്റെ  സീറ്റിലേക്ക്  ഞാൻ തിരികെ വന്നിരുന്നു. 

വണ്ടിയുടെതോട്ടിലാട്ടവും ,കനത്തു തുടങ്ങിയ മഴയുടെ തണുപ്പും ..ഞാൻ കണ്ണുകൾ അടച്ചു... വേനലവധിക്ക് അമ്മവീട്ടിൽ  എന്നെ 
ഏൽപ്പിച്ചു മടങ്ങുന്ന  അച്ഛൻ... രാത്രി അപരിചിതമായ ചൂരിനും അനന്തമായ ഭിത്തിക്കുമിടയിൽ  ഞെട്ടിഎഴുന്നേറ്റു കരയുന്ന  ബാല്യം .......

                 ഞാൻ കണ്ണ് തുറന്നു പിന്നിലേക്ക് നോക്കി .വാതിൽക്കൽ ഒരു വിദേശിയും, മലയാളി യുവാവും സംസാരിച്ചു നിൽക്കുന്നു .ഫ്ലാറ്റുകളും,  തെങ്ങുകളും,വെള്ളം കയറിയ വയലുകളും   ചൂണ്ടി 
നാടിന്റെ സൗന്ദര്യം വർണ്ണിക്കുകയാണ് അയാൾ .

 എന്റെ മുമ്പിൽ  ഇരിപ്പിടത്തിൽ നിന്നും മുന്നോട്ടാഞ്ഞ്‌  പത്ര  പാരായണത്തിൽ മുഴുകിയ ആളോട്   ഞാൻ ചോദിച്ചു :

 "ചേട്ടാ എറണാകുളം കഴിഞ്ഞോ?"

"ഇല്ല അടുത്ത സ്റ്റോപ്പ്‌"

പത്രത്തിൽ  നിന്നും കണ്ണെടുക്കാതെ അയാൾ  പറഞ്ഞു. 

 അപ്പോൾ  ആ വൃദ്ധനും കുട്ടിയും !! ..  ആരും എന്റെ മുഖത്തെ അത്ഭുതം  ശ്രദ്ധിച്ചില്ല ...അയാൾ എനിക്കഭിമുഖമായി വിടർത്തി  വച്ച 
ഒന്നാം പേജിൽ ,തകർന്ന കെട്ടിടത്തിനു മുന്നിൽ കുമ്മായത്തിൽ മുങ്ങി നിൽക്കുന്ന  ഒരു കുട്ടിയുടെ ചിത്രം..കണ്ണുകളിൽ ഉത്തരം കിട്ടാത്ത കുറേ  
ചോദ്യങ്ങളുടെ കലക്കൽ...താഴെ ചുവന്ന നിറത്തിൽ  മരണ സംഖ്യ  ..അക്കങ്ങൾ  മാറിക്കൊണ്ടിരിക്കുകയാണോ? ..
ചുറ്റും വെടിമരുന്നിന്റെ ചൂര്..അതും തോന്നലാണോ? 

    പെട്ടെന്ന് ഞാനെന്റെ മൊബൈൽ പുറത്തെടുത്ത് ഗാലറി  പരിശോധിച്ചു ....വർണ്ണങ്ങൾ  കലങ്ങി മറിഞ്ഞ ഒരു ചിത്രം ...ഇല്ല  !!  എന്റെ കാഴ്ചകളിൽ വെള്ളം നിറയുന്നു .

                               ഇനി നിങ്ങളുടെ ഊഴമാണ് സുഹൃത്തേ .. കയ്യിലെ കൊച്ചു  കള്ളിയിലേക്ക് എന്നെയും പകർത്തൂ... അവിടെ നിന്നും 
വലിയ കളങ്ങളിലേക്ക് ..അവിടെ നിന്ന് പിന്നെയും.. ,വായിൽ തോന്നുന്ന അടിക്കുറിപ്പുകളോടെ  അത് തുടരട്ടെ. എനിക്കറിയാം  കാഴ്ച്ചകൾ  നിങ്ങളുടേതാണ് പക്ഷെ കാരണങ്ങൾ ,അവ എന്റേത് മാത്രവും.