Tuesday 21 January 2014




                         എന്റെ വീടും മാറും മുൻപേ... 


വയ്പയെടുത്തും പണയം വച്ചും 
പണിതു തീർത്ത ഭവനം 

കയ്യേറിയും നാവേറിയും നേടിയ ഭൂമിയി- 
ലുയർത്തിയോരു സ്വപ്നം 

വാടക വീടിൻ മടുപ്പുപേക്ഷിച്ചിതാ,
സ്വന്തം വീടിൻ  മട്ടുപ്പാവിലെയ്ക്ക് 

അമ്മയ്ക്കുമെനിയ്ക്കും ,പിന്നെയെന്നനുജനും 
വെവ്വേറെയൊരുക്കീ മുറികൾ

പൂമുഖം,വരാന്ത,നടുത്തളം,അടുക്കള
എല്ലാം ഭാവനയിലേതു പോലെ 

ചവിട്ടുനത് മാർബിൾ തണുപ്പിൽ,
ചാരുന്നത് വർണ്ണച്ചുവരിൽ 
                                                                              
തണൽ മുറിച്ചു പല താങ്ങുകളായ്-
മനം നിറച്ചകസാമാനങ്ങൾ                                                         


തൂക്കി ഞാനച്ഛനെ ഭിത്തിയിലൊരു കോണിൽ  
പണ്ടേയടർന്നതാമടിവേരിന്നോർമയ്ക്ക് 

ഏല്പിച്ചെന്നമ്മയെ കൊച്ചു സ്വപ്നം 
അമ്മതൻ പേരിട്ട സുന്ദര മന്ദിരം 

മിഴിക്കോണിൽ തുളുമ്പിയോരുതുള്ളി കണ്ടു 
ഗർവോടെയപ്പോൾ ഞാൻ ചിരിച്ചു   

പൊള്ളുന്ന വാക്കിനാൽ അമ്മ  മന്ദം 
ഉള്ളിലെ ഭാവം ഉരുക്കി വീഴ്ത്തി 

"ഇനി നിങ്ങൾ പോകും പല ദിക്കിലായ് 
 പല നാൾ,പല വഴി കണ്ടെത്തുവാൻ 
  
 എല്പ്പിക്കുമായയെ എന്നെ നോക്കാൻ  
 പറാവുകാരനെ വീട്ടുകാവൽ 

 ഓർമ്മ തൻ താക്കോൽ തിരിയ്ക്കാതെ കാലം 
 മറവി തൻ പൂട്ടിൽ ബന്ധിക്കുമെന്നെയും 


 മാറ്റു നീ എൻപേരിതിൻ മുന്നിൽ  നിന്നും,കാണ -
 വയ്യെൻ ശീർഷകത്തിലൊരു വൃദ്ധസദനം"