Wednesday 30 April 2014

KURUNKAVITHA



                                                           കരിയിലപ്പാട്ട്


                           ഇന്നെൻ പകലുറക്കത്തിനു താരാട്ട് പാടാൻ 


                           മണ്ണോടു നൊമ്പരമുരയ്ക്കും കരിയിലകളില്ല 


                           അമ്മതൻ വേദന അന്നെൻ താരാട്ട്  


                           അതിൽ നാമ്പിട്ടൊരെൻ വാക്കുകൾക്കോ  


                          അഴിച്ചിട്ടുമഴിയാത്തതാമഴലിൻ കറുപ്പ് 


                          കാലം കൂട്ടിയ ചിതയിലെരിഞ്ഞാലും 


                          കനലിൻ മുകളിൽ തണലായുയരണമെന്നമ്മപ്പാട്ട്.

Monday 7 April 2014

ലീലാമ്മ


                                                             
                                  ലീലാമ്മ 



                         അമ്പലത്തിനും കാത്തു നില്പു കേന്ദ്രത്തിനും  ഇടയിലായി 

പാതയോരത്തായിരുന്നു ലീലാമ്മ മുമ്പ്  താമസിച്ചിരുന്ന വീടുൾപ്പെട്ട സ്ഥലം.

ഒരേക്കറോളം വരുന്ന ആ  പറമ്പ്  ഷീറ്റ് കെട്ടി മറച്ചിരുന്നു. നടുവിലായി  ഗേറ്റ് 

പോലെ  രണ്ടു വിയ  അലുമിനിയം പാളികൾ ചാരി 

വച്ചിരുന്നു.അതിലൂടെയാണ്  മനുഷ്യരും യന്ത്രങ്ങളും  അകത്തേക്കും 

പുറത്തേക്കും  സഞ്ചരിച്ചത്.ബസ്സിലോ നടന്നോ ഉള്ള യാത്രയിൽ ആ തകര 

പാളികൾക്കിടയിലെ  തിളങ്ങുന്ന ശൂന്യത ലീലാമ്മയുടെ കണ്ണുകളിൽ 

നനവായി.ദേവി നട കഴിഞ്ഞു പ്രസാദം വാങ്ങി നെറ്റിയിൽ  

തൊടുമ്പോൾ മിണ്ടാൻ വന്ന ലക്ഷ്മിക്കുട്ടിയെ  മനപൂർവ്വം  ഒഴിവാക്കിയത് 

ഒറ്റയ്ക്ക് ആ പറമ്പിൽ കയറി നോക്കി പോരാൻ ഉറച്ചിട്ടായിരുന്നു.

                            മുണ്ടിൻ തലപ്പ് പാളിയിലുടക്കാതെ ലീലാമ്മ  കൊച്ചു 

വിടവിലൂടെ  പറമ്പിലേക്ക്  കയറി.അവധി ദിവസത്തിന്റെ ഭയപെടുത്തുന്ന 

മൂകത  ലീലാമ്മയ്ക്ക് അവിടെ അനുഭവപ്പെട്ടു.പണി സാധനങ്ങളെല്ലാം ഒരു  

വശത്തായി കൂട്ടിയിട്ടിരിക്കുന്നു , കുറച്ചു മാറി ഇരയെ ഭക്ഷിച്ചുറങ്ങുന്ന 

വന്യമൃഗത്തെപ്പോലെ ഒരു മഞ്ഞ  ജെ സി ബി; അതിന്റെ കൂർത്ത 

നഖങ്ങളിൽ ചുവപ്പ് രാശി. 

           തറ  നിരപ്പുയർത്തുന്നതിനു മുന്നോടിയായി കൂന കൂട്ടിയ മണ്ണും 

കട്ടകളും   കുറെയൊക്കെ ജെസിബി  എടുത്തു താഴെ പുഴകടവ് മുക്കാലും  

നികത്തിയിരുന്നു. ഉരുക്ക് ചക്രങ്ങൾ  കയറി  പൊടിയാൻ  തയ്യാറെടുത്ത  

കട്ടകൾ  മൃദു  കാൽ വെപ്പിൽ ഉരുണ്ടു തെന്നി  മാറി.ലീലാമ്മ   ശ്രദ്ധിച്ചു  

മുകളിലേക്ക്  കയറി .ഒരു പ്രകൃതി ദുരന്ത  ഭൂമിയിൽ   നിൽക്കുന്ന  പ്രതീതി 

 അവർക്കുണ്ടായി.പ്രകൃതി ദുരന്ത ഭൂമിയിലെ ഒരു  പ്രത്യേകത  ജാതി മത 

 വർഗ്ഗ ചിഹ്നങ്ങൾ   ഇല്ലാതെയായിരിക്കും മനുഷ്യർ  ഭൂമിയിൽ 

 അടക്കപ്പെടുക. ഈ മണ്ണിനടിയിൽ തനിക്കു പ്രിയപ്പെട്ട 

ഓർമ്മകളെ  അത്തരം ഒരു  ശീർഷകത്തിനു ചുവട്ടിലും ലീലാമ്മയ്ക്ക് 

കിടത്താനാകുമായിരുന്നില്ല.  ഒർമകളുടെ ശേഷിപ്പായി, 

അവരുപയോഗിച്ചിരുന്ന കിണർ കൈവരി പാതിയും തകർന്നു കിഴക്കേ 

കോണിൽ കണ്ടു.
                       
                   സർക്കാർ വിദ്യാലയത്തിൽ  അദ്ധ്യാപകനായിരുന്ന ഭർത്താവിന്

പെങ്ങന്മാരുടെ വീതം ഭാഗിച്ചൊടുവിൽ കിട്ടിയ പതിനഞ്ചു സെന്റ് സ്ഥലം 

ഈ പുഴക്കടവിലായിരുന്നു . കിട്ടാവുന്ന വിലയ്ക്ക് കൊടുത്ത്  കവലയിൽ 

മൂത്ത പെങ്ങൾ താമസിക്കുന്നതിനടുത്തേക്ക് മാറാൻ ആവുംവിധം 

എല്ലാവരും പറഞ്ഞിട്ടും ഇവിടെയും കുറേ ജീവിതങ്ങലുണ്ട്  നമ്മൾ 

അറിയേണ്ടതയിട്ടെന്നു  പറഞ്ഞ്‌   തന്നെയും കൊണ്ട് പാർത്ത ഓടിട്ട ആ 

കൊച്ചു വീട്, ഓർമയിൽ വീണ്ടുംപണിതെടുക്കാൻ അത് പൊളിയ്ക്കാൻ 

വേണ്ടി വന്നതിന്റെ ഒരംശം സമയമേ ലീലാമ്മയ്ക്ക് വേണ്ടിവന്നുള്ളൂ. 

അവിടെ എല്ലാവർക്കും പ്രിയപ്പെട്ട മാഷായി അദ്ദേഹം. പാടത്തും 

അടുക്കളയിലും  മാത്രമായി ഒതുങ്ങുമായിരുന്ന തന്നെ തയ്യൽ പഠിപ്പിച്ചത്, 

ബഹു വർണ്ണ സ്ത്രങ്ങളെപ്പോലെ   മനുഷ്യരെയും സ്നേഹം എന്ന നൂലിൽ 

 ഇഴ ചേർക്കണമെന്നോർമ്മിപ്പിച്ചുകൊണ്ടായിരുന്നു.                                                                                                                             
             കുറച്ചു മാറി തിളച്ചു മറിയാൻ തുടങ്ങിയ പുറയാർ പുഴയിൽ നിന്നും 

  ചൂട്  കാറ്റ് അവരുടെ നരച്ച  നെറുകയെ തഴുകി .ഇതിലിറങ്ങി ഈറനോടെ , 

അക്കരെ പടിഞ്ഞാറെ ശിവനട  ധ്യാനിച്ച് മുറിയതെ നാമം ജപിച്ചത്.. 

ഇതിൽ കാലും മുഖവം  കഴുകി ഹൈദ്രോസ് , നിസ്ക്കാരം നേരം 

തെറ്റാതെ എടുത്തത്..  സേവിച്ചൻ തന്റെ കൊച്ചു വള്ളം

 വെഞ്ചരിച്ചിറക്കിയത്..ഒടുവിൽ  എല്ലാവരെയും മൂകസക്ഷിയാക്കി   

പ്രിയപെട്ടവന്റെ ചാരം   ഒഴുക്കിയത്..

             എത്ര എളുപ്പത്തിലാണ്  തങ്ങൾ ശിഥിലമാക്കപ്പെട്ടത്.ഡോക്ടർമാരുടെ 

താമസത്തിന് വേണ്ടി ബഹു നില മാളിക പണിയുന്നതിനായിട്ടാണ് അവരുടെ 

സംഘടന ഈഭൂമി ഏറ്റെടുക്കാമെന്ന  അഭ്യർത്ഥന മുന്നോട്ട് വച്ചത്.പണം എന്ന 

ദൗർബല്യത്തിൽ  തന്റെതുൾപ്പടെ എല്ലാ കുടുംബങ്ങളും അവടെ നിന്നു  

കുടിയിറങ്ങാൻ തയ്യാറായി.മക്കളുടെയും,മറ്റു കുടുംബക്കാരുടെയും

നിർബന്ധം കൂടിയായപ്പോൾ തത്ക്കാലം ഇളയ മരു മകളോടൊപ്പം  

 മാറുകയേ നിവൃത്തിയുണ്ടയിരുന്നുള്ളൂ. പിന്നീട് ഈ സ്ഥലവുമായുണ്ടായ 

ഏക ബന്ധം ആഴ്ചയവസാനം ഇതിനു മുന്നിലൂടെ ക്ഷേത്രതിലെക്കുളള 

യാത്രയായിരുന്നു . 

              ഓർമ്മകളുടെ  തുടിപ്പ് ലീലാമ്മയ്ക്ക് കാൽച്ചുവട്ടിൽ

 അറിയാനാകുനുണ്ട്.കാട് കയറി  തുടങ്ങിയ  കിണറിനു ചുറ്റും 

 ഒഴിഞ്ഞ  മദ്യക്കുപ്പികളും ,മറ്റുലഹരിപ്പൊതികളുംകൂടിക്കിടപ്പുണ്ട്.വെയിൽ  

പ്രഹരത്തിൽ  ലീലാമ്മ തളർന്നു തുടങ്ങിയിരുന്നു.അക്കരെ 

നിന്നും ശിവ സ്തുതി മന്ത്രം ചൂട് കാറ്റിൽ അവരെ പൊതിഞ്ഞു  ..ഇപ്പോൾ  

കാൽ  ചുവട്ടിലെ  സ്പന്ദനം കൂടുതൽ ശക്തമായി ..ഓർമ്മകൾ  

ഭൂമിക്കടിയിൽ നുരഞ്ഞു  പൊന്തുകയാണ്..അവ ആഴങ്ങളിൽ  നിന്നും  

ഉയർത്തെഴുന്നേൽക്കുമെന്നു ലീലാമ്മയ്ക്കു തോന്നി...അവർ കണ്ണുകൾ 

ഇറുക്കിയടച്ചു..മന്ത്ര സ്തുതികൾക്ക് മുകളിൽ യന്ത്രത്തിന്റെ ഇരമ്പൽ 

ലീലാമ്മയക്ക് വേർതിരിച്ചറിയാനായില്ല...  മണ്‍ കൂനയിൽ മുളച്ച കുഞ്ഞു  

പാഴ്ച്ചെടിപോലെ   ജെ സി ബി യുടെ ഉരുക്ക് കൈകുള്ളിൽ  അവർ  

ഉയർന്നു പൊങ്ങി ."പണം  അത്  മനുഷ്യനെ  ഉയരത്തിലേക്ക് ഏറ്റും, 

എല്ലാത്തിലും  മുകളിലെത്തിയെന്ന് തോന്നുമ്പോൾ  കരം  പിൻ വലിച്ച്  

ഏകാന്തതയുടെ ആഴങ്ങളിലേക്കടക്കം ചെയ്യും '' 

മരിക്കുന്നതിന്റെ  തലേന്നു  മാഷ്  പറഞ്ഞ  വക്കുകളായിരുന്നു   

അപ്പോൾ ലീലാമ്മയുടെയുള്ളിൽ .

                 ഒരു പിടി  മണ്ണ് കോരിയിട്ട്,ശേഷിച്ച കൈവരികളുമുടച്ച് 

ജെ സി ബി കിണർമൂടൽ ആരംഭിച്ചു. ഏതാണ്ട് പതിനഞ്ചടി താഴെ 

സ്നേഹത്തിന്റെ പഴയ  ഉറവക്കണ്ണി തിരയുകയായിരുന്നു അപ്പോൾ 

ലീലാമ്മ.